അത്ര മേല്‍ രാജകീയമായിരുന്നു ആ സംഗമം

കെ.എ.സൈഫുദ്ദീന്‍
വാരാദ്യമാധ്യമം, ഏപ്രില്‍ 20

'നമ്മള്‍ മഹാരാജാസുകാര്‍...തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ പെന്‍ഷന്‍ ഫയല്‍ തപ്പാന്‍ പോയതാണ് അദ്ദേഹം. ചെറുപ്പക്കാരനായ സെക്ഷന്‍ ഓഫീസര്‍ തിരക്കൊഴിഞ്ഞപ്പോള്‍ ആഗതനോട് ഇരിക്കാന്‍ പറഞ്ഞു. സംസാരത്തിനിടയില്‍ ഇരുവരും മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികളായിരുന്നെന്നറിഞ്ഞപ്പോള്‍ ആപ്പീസര്‍ കാമ്പസ് കഥകളിലേക്ക് മടങ്ങി. ഉടനെ ഫയല്‍ ശരിയാക്കി. പിരിയുന്നതിനിടയില്‍ പരസ്പരം കൈയില്‍ പിടിച്ച് പറഞ്ഞു.നമ്മള്‍ മഹാരാജാസുകാര്‍...ആശുപത്രിയില്‍ ഓപ്പറേഷന് വിധേയനായ രോഗിയെ ആശ്വസിപ്പിക്കാന്‍ ചെന്നതാണ് സര്‍ജന്‍. സംസാരത്തിനിടയില്‍ ഇരുവരും ഒരേ കാലയളവില്‍ മഹാരാജാസില്‍ പഠിച്ചിരുന്നവരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പൊട്ടിച്ചിരി.സൌഹൃദം പങ്കുവെക്കല്‍. യാത്ര പറയുമ്പോള്‍ സര്‍ജന്‍: താന്‍ ധൈര്യമായി കിടക്കൂ ഞാന്‍ എപ്പോഴും തന്റെ അടുത്തുണ്ടാകും. നമ്മള്‍ മഹാരാജാസുകാരല്ലേ....പെണ്ണുകാണല്‍ ചടങ്ങ്. യുവാവ് പെണ്‍കുട്ടിയോട് പഠിച്ച കോളജ് തിരക്കി. മഹാരാജാസ്. പിന്നെ സംസാരം കാമ്പസിന്റെ ഇടനാഴിയിലേക്കും മെയിന്‍ ഹാളിലേക്കും നെല്ലിമരച്ചുവട്ടിലേക്കും നീണ്ടു. പിരിയുമ്പോള്‍ ആ മനസ്സുകള്‍ ഒന്നായിരുന്നു....(പ്രണയപൂര്‍വം മഹാരാജാസിന് / രവി കുറ്റിക്കാട്)'.....കൂട്ടുചേരലുകളെയെല്ലാം തകര്‍ക്കുകയും വീടിനുള്ളില്‍ കുടുങ്ങിയിരിക്കുകയും അങ്ങനെ ഒറ്റപ്പെട്ട ലോകങ്ങള്‍ തീര്‍ക്കുന്നത് ഒരു അനിവാര്യതയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നതിലൂടെ വാസ്തവത്തില്‍ കച്ചവട സാമ്പത്തിക ശാസ്ത്രത്തിന്റെ താല്‍പര്യങ്ങളാണ് വിജയിക്കുന്നത്. അതുകൊണ്ട് ആളുകള്‍ ഒത്തുകൂടുന്ന എല്ലാ ഇടങ്ങളും പ്രതിരോധത്തിന്റെ സന്നാഹങ്ങളായി മാറുന്നു എന്നത് ഒരു വലിയ ശരിയാണ്. ഒരു കലാലയത്തിന്റെ മുറ്റത്ത് അതിലൂടെ കടന്നു പോയ പല തലമുറകള്‍ ഇങ്ങനെ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ ഇത്തരത്തിലുള്ള വലിയൊരു സാധ്യതയുണ്ട്.....'തൃശãൂര്‍ പ്രസ് ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടയില്‍ ലൈവായി എം.എന്‍.വിജയന്‍ മാഷ് കടന്നു പോയില്ലായിരുന്നെങ്കില്‍..!
എങ്കില്‍ എന്ന ആ ഒരു സാധ്യതയുടെ ഇങ്ങേയറ്റത്ത് മഹാരാജാസ് കോളജിന്റെ നടുമുറ്റത്ത് പത്ത് തലമുറകള്‍ ഒന്നായി ഒഴുകിയെത്തിയ ഒരു മഹാസംഗമമുണ്ട്. ആ വേദിയില്‍ മഹാരാജാസിന്റെ മണ്ണില്‍നിന്ന് വളര്‍ന്നു കയറിയ ആ വലിയ മനുഷ്യന്‍ ഒരു പക്ഷേ, ഇങ്ങനെയായിരിക്കും പറയുക....
പക്ഷേ, അതിന് നമുക്കിടയില്‍ ഇപ്പോള്‍ വിജയന്‍ മാഷ് ഇല്ലല്ലോ. പത്തു തലമുറകളുടെ കൂട്ടുചേരല്‍ കാണാനില്ലാതെ കടന്നു പോയില്ലേ... വിജയന്‍ മാഷെ പോലെ ആ മഹാരാജ സംഗമത്തില്‍ തുള്ളിചേരാന്‍ കഴിയാതെ കടന്നുപോയവര്‍ അങ്ങനെ എത്രയെത്രയായിരിക്കാം. അവരുടെ സ്വപ്നങ്ങളിലും ഇങ്ങനെയൊരു സംഗമമുണ്ടായിരിന്നിരിക്കണം. കാരണം.....
അത്രമേല്‍ രാജകീയമായിരുന്നു ആ സംഗമം...അവര്‍ നാലുപേരുണ്ടായിരുന്നു. ആരുടെയും പേരറിയില്ല. ചോദിച്ചതുമില്ല. അതിന്റെ ആവശ്യമില്ലായിരുന്നു. കാരണം അവരെപോലെ ആയിരക്കണക്കിന് പേരുണ്ടായിരുന്നു ഏപ്രില്‍ 12ന്റെ ആ ദിവസത്തില്‍. അഞ്ചു പതിറ്റാണ്ട് മുമ്പ് ഒന്നിച്ചിരുന്നു പഠിച്ച അതേ മലയാളം ക്ലാസിലെ തലമുറകളുടെ തഴമ്പു പതിഞ്ഞ ബെഞ്ചില്‍ അവര്‍ ഒരുവട്ടം കൂടി ഒത്തുചേര്‍ന്നിരുന്നു. പഴയതെല്ലാം ഒരുക്കൂട്ടി അവര്‍ പറഞ്ഞവയില്‍ വാര്‍ധക്യത്തിന്റെ വിവശതകള്‍ മറന്ന് ആ പഴയ ആവേശക്കാലം തിരതള്ളിയെത്തി.
അവരിലൊരാള്‍ പതിവായി വൈകിയെത്തി ജി.ശങ്കരക്കുറുപ്പ് എന്ന അധ്യാപകന്റെ ക്ലാസില്‍ പിന്നിലൂടെ നുഴഞ്ഞു കയറുന്നയാള്‍. കണ്ടാലും പരിഭവമില്ലാതെ ക്ലാസ് തുടരുമായിരുന്നു ആ മഹാകവി. ജനാല വഴി ക്ലാസില്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്ന അവരില്‍ പലര്‍ക്കും ഇന്ന് നടന്നു പോകാന്‍ ഊന്നുവടി വേണം. അല്ലെങ്കില്‍ പേരക്കുട്ടികളുടെ കൈത്താങ്ങ്. എന്നിട്ടും പതിറ്റാണ്ടുകള്‍ക്ക് ശേഷം മഹാരാജാസിന്റെ നടുമുറ്റത്ത് വീണ്ടുമെത്തിയപ്പോള്‍ സമര മരത്തിന്റെ ചുവട്ടിലെ പൊരിഞ്ഞ വെയിലത്ത് അവര്‍ ഋതുഭേദങ്ങള്‍ മറന്ന് വാടാതെ നിന്നു. പ്രായം മറന്ന് കാലം മറന്ന് അവര്‍ ആട്ടിന്‍ കൂട്ടത്തെപോലെ തുള്ളിച്ചാടി നടന്നു. അവര്‍ക്കായി മഹാരാജാസിന്റെ ക്ലാസ് മുറികള്‍ ടൈംടേബിളിന്റെ കാര്‍ക്കശ്യമില്ലാതെ തുറന്നിട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളില്‍ കണ്ടു പരിചയമില്ലാത്ത പുതുതലമുറയിലെ വകുപ്പ് മേധാവികള്‍ സന്തോഷത്തോടെ അവരെ സ്വീകരിച്ചു.
'എന്റെ പേര്..... ഞാന്‍ ..... വര്‍ഷം ഇവിടെ പഠിച്ചിരുന്നു. അന്ന് .... ആയിരുന്നു ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്'^ അവര്‍ സ്വയം പരിചയപ്പെടുത്തുക മാത്രമല്ലായിരുന്നു; സ്വയം പരിചയം പുതുക്കുകയുമായിരുന്നു.അറുപത് കഴിഞ്ഞ ഒരു വൃദ്ധ പഴയ ചരിത്ര ക്ലാസ് തേടിയെത്തി. കട്ടിക്കണ്ണട നേരെയാക്കി അവര്‍ തന്റെ ഇരിപ്പിടം കണ്ടെത്തി. ചിലപ്പോള്‍ രാവിലെ കുളിച്ചൊരുങ്ങി സാരി വാരിച്ചുറ്റി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ അവരുടെ മകള്‍
'ഈ വയ്യാത്ത കാലത്താ അമ്മയിനി കോളജിലേക്ക് പോകുന്നത്. അടങ്ങിയൊതുങ്ങി ഒരിടത്ത് ഇരുന്നുകൂടേ' എന്ന് ശാസിച്ചിരിക്കണം. അവധിയോ ഹര്‍ത്താലോ കിട്ടിപ്പോയാല്‍ വീട്ടില്‍ തടവിരിക്കുന്ന ആ മകള്‍ക്ക് അറിയില്ലല്ലോ, അവരുടെ തലമുറക്കറിയില്ലല്ലോ ഈ ദിവസം വീട്ടിലിരുന്നാല്‍ പൊറുതികേടുണ്ടാവുന്ന മഹാരാജാസിന്റെ മനസ്സ്.
വേറെ ചിലര്‍ അമേരിക്കയില്‍നിന്നും ആസ്ട്രേലിയയില്‍നിന്നും ദുബൈയില്‍നിന്നും സിങ്കപ്പൂര് നിന്നുമെല്ലാം ഒറ്റനാളിന്റെ അവധിക്ക് വിമാനം കയറിയെത്തിയവര്‍.പഴയ കൂട്ടുകാരെയൊക്കെ കാണാമല്ലോ, വരണ്ടുണങ്ങിയ മനസ്സില്‍ പഴയ കാലത്തിന്റെ തണുപ്പേല്‍ക്കാമല്ലോ, ഒരിക്കല്‍ കൂടി ഒന്ന് ചെറുപ്പമാകാമല്ലോ എന്നൊക്കെ കിനാവു കണ്ടാണ് അവരില്‍ പലരുമെത്തിയത്.
അവര്‍ക്കാര്‍ക്കും മഹാരാജാസില്‍ വഴി തെറ്റിയില്ല. കാരണം ഇവിടെ എല്ലാം പഴയതുപോലെ തന്നെയാണ്. തലമുറകള്‍ കയറിയിറങ്ങി തേയ്മാനം വന്ന മരത്തില്‍ തീര്‍ത്ത ആ മുപ്പത് ചവിട്ടുപടികള്‍ക്കു പോലും അതേ മട്ടും ഭാവവും ഗാംഭീര്യവും.
ചിലരുടെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തിന്റെ തലക്കു മുകളിലൂടെ തെളിഞ്ഞു വരുന്ന മെലിഞ്ഞ ആ കൈകള്‍ തിരയുന്നുണ്ടായിരുന്നു. ഒരു ക്ലാസകലത്തിന്റെ വാക്ക് വിറയലില്‍ പറയാതെ പോയ ഒത്തിരിയൊത്തിരി നഷ്ടങ്ങള്‍ അവര്‍ ഓര്‍ത്തെടുക്കുന്നുണ്ടായിരുന്നു. ഒരു തിരിഞ്ഞു നോട്ടത്തിന്റെ കനിവു പോലും കാട്ടാതിരുന്നവര്‍ നിറഞ്ഞു ചിരിച്ച് മുന്നിലെത്തിയപ്പോള്‍ പിന്നെയും വാക്കുകള്‍ക്ക് പേറ്റുനോവ് വന്നു.ഒരു കെട്ടിപ്പിടിത്തത്തില്‍ എല്ലാം മറന്നു നിന്നപ്പോള്‍ ഒരാള്‍ ചോദിച്ചു 'നമ്മുടെ ജയരാമനെവിടെയാടാ'... ഒരു നിമിഷത്തെ പകപ്പിനു ശേഷം അയാള്‍ പറഞ്ഞു. 'അവന്‍ പോയെടാ, ഒരാക്സിഡന്റില്‍' അയാളുടെ കണ്ണുകള്‍ നനഞ്ഞുവോ ആവോ..
അങ്ങനെ എത്രയെത്ര പേര്‍ ഇനിയൊരിക്കലും ഒത്തു ചേരാനാവാതെ കടന്നു പോയവര്‍
അപ്പോഴും അവര്‍ കടന്നു വന്നു കൊണ്ടേയിരുന്നു...മീനച്ചൂട് പൊള്ളിച്ചു തുടങ്ങിയിട്ടും അവര്‍ വന്നുകൊണ്ടേയിരുന്നു. അതില്‍ നായകന്‍മാരുണ്ടായിരുന്നു. അവരുടെ ഇടി പതിവായി കൊള്ളുന്ന വില്ലന്‍മാരുമുണ്ടായിരുന്നു. ഇടിയുടെ പിരിമുറുക്കത്തിന് അയവ് പകരുന്ന ഹാസ്യ താരങ്ങളുമുണ്ടായിരുന്നു. എന്തോ, നായികമാരെ മാത്രം കണ്ടില്ല.
മഹാരാജാസിന് നായകന്‍മാര്‍ക്ക് പഞ്ഞമില്ലായിരുന്നു. നായികമാരുടെ ഹാച്ചറി തൊട്ടപ്പുറത്ത് സെന്റ് തെരേസാസ് ആയിരുന്നു. എന്നിട്ടും ജീവിതത്തിലെ നായികമാരെ പലരും മഹാരാജാസില്‍നിന്ന് തന്നെ സ്വന്തമാക്കി.
കാമ്പസില്‍ നിന്ന് തുണക്കാരെ കണ്ടെത്തിയ 48 ദമ്പതിമാരെ ഒറ്റനാളിന്റെ ഒത്തു ചേരലില്‍ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. അവരില്‍ വേദിയില്‍ എത്തിയവര്‍ 20 ഓളം പേര്‍. മുന്‍ എം.എല്‍.എ പി.ടി.തോമസും ഭാര്യ ഉമയും ആദ്യമെത്തി. പിന്നെ എഴുത്തുകാരി ഗ്രേസിയും ഭര്‍ത്താവ് ശശികുമാറും ജസ്റ്റിസ് കെ.സുകുമാരനും പത്നി ഉഷാ സുകുമാരനും. അവര്‍ക്കൊക്കെ കൂട്ടുകാര്‍ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. അവര്‍ക്കിടയില്‍ ഒരു ബാലചന്ദ്രനെയും വിജയലക്ഷ്മിയെയും പല കണ്ണുകളും തിരയുന്നുണ്ടായിരുന്നു. ആ ആള്‍ത്തിരക്കില്‍ നിന്ന് മഹാരാജാസിന്റെ പുകള്‍പെറ്റ പ്രണയം കയറിവന്നെങ്കില്‍ എന്ന് കൊതിച്ചുപോയി...
അപ്പോഴും പലരും വരാന്തകളിലൂടെ പഴയ കാലത്തിന്റെ ഗോവണിപ്പടികള്‍ കയറിയിറങ്ങുകയായിരുന്നു. അവര്‍ കൂടെ വന്ന മക്കളോട് പറഞ്ഞു. 'ദാ.. 23 പടികളുള്ള ആ പിരിയന്‍ ഗോവണിക്കു മുമ്പില്‍ വെച്ചാണ് നിന്റെ അമ്മയെ ആദ്യമായി ഞാന്‍ കണ്ടത്. അവള്‍ എന്നെ ആദ്യമായി നോക്കിയതും'.
വമ്പന്‍മാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു ആ മഹാരാജ സംഗമ നാളില്‍ സമരമരത്തിന്റെ ചുവട്ടില്‍. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍, കേന്ദ്ര പ്രതിരോധ മന്ത്രി ഏ.കെ.ആന്റണി, സംസ്ഥാന ധന മന്ത്രി തോമസ് ഐസക്ക്, വനം മന്ത്രി ബിനോയ് വിശ്വം, സെബാസ്റ്റ്യന്‍ പോള്‍ എം.പി, വൈക്കം വിശ്വന്‍, പ്രൊഫ. കെ.വി.തോമസ് എം.എല്‍.എ, കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അങ്ങനെയങ്ങനെ നിരവധിപേര്‍. എല്ലാവരും കാത്തുകാത്തിരുന്ന ചിലര്‍ എന്നിട്ടും വന്നില്ല. മെര്‍ക്കാറയിലെ ഷൂട്ടിംഗ് സൈറ്റിലിരുന്ന് മഹാരാജകീയ സംഗമം മനസ്സില്‍ കണ്ട് പൊറുതിമുട്ടിയ മലയാളത്തിന്റെ മമ്മൂട്ടി മൊബൈല്‍ ഫോണിലൂടെ കൂട്ടുകാരോട് സംസാരിച്ചു. വരാന്‍ കഴിയാതെ പോയതില്‍ പരിതപിച്ചു.
ശരിയാണ്, മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍(ഒസ) പ്രസിഡന്റ് കാര്‍ഷിക സര്‍വകലാശാല വി.സി യുമായ കെ.ആര്‍.വിശ്വംഭരനും സെക്രട്ടറി കെ.നാരായണന്‍ പോറ്റിയും പറഞ്ഞപോലെ ഈ നാളില്‍ ഇവിടെ എത്താന്‍ കഴിയാതെ പോയത് അവരുടെ മാത്രം നഷ്ടമായിരുന്നു.
പേരും പെരുമയും ഉള്ളവരെക്കാള്‍ എത്രയോ പേരായിരുന്നു അവിടെ വന്നവര്‍. അയ്യായിരത്തില്‍ ഭൂരിപക്ഷവും അവരായിരുന്നു. പേരുപോലും ഇല്ലാത്തവര്‍.
ഒറ്റമുറിയില്‍ നിന്ന് മഹാരാജാസിലേക്ക്...1845 ല്‍ കൊച്ചിന്‍ സര്‍ക്കാര്‍ തുടങ്ങിയ ഒറ്റമുറി ഇംഗ്ലീഷ് സ്കൂളില്‍ നിന്നാണ് മഹാരാജാസ് ആരംഭിക്കുന്നത്.1875 ല്‍ സ്കൂള്‍ കോളജായി അപ്ഗ്രേഡ് ചെയ്തു. 1925 ല്‍ അത് മഹാരാജാസ് കോളജായി മാറി.അതേ വര്‍ഷം തന്നെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ രൂപം കൊണ്ടെങ്കിലും '71ല്‍ ആണ് തിരുവിതാംകൂര്‍^ കൊച്ചിന്‍ ലിറ്റററി ആന്റ് ചാരിറ്റബിള്‍ ആക്ട് XIIIപ്രകാരം രജിസ്റ്റര്‍ ചെയ്തത്. കോളജിനുള്ളില്‍ വടക്കേ ഗോവണി താഴെ സംഘത്തിനായി ഒരു മുറി അനുവദിച്ചിട്ടുമുണ്ട്.
1930 ന് ഇപ്പുറത്തെ എട്ട് പതിറ്റാണ്ടിന്റെ, പത്ത് തലമുറയുടെ മഹാരാജകീയ സംഗമമായിരുന്നു ഏപ്രില്‍ 12ന് നടന്നത്. അതിനായി ഓടിനടന്നവര്‍ക്ക് ഒത്തിരിയൊത്തിരി നന്ദി. വീണ്ടും ആ മഹാരാജ മുറ്റത്തെത്താന്‍ കഴിഞ്ഞതില്‍. അതിനുമപ്പുറം മഹാരാജ കുടുംബം വലുതാകുന്നുവല്ലോ എന്ന് ഓര്‍ക്കുമ്പോള്‍.
'ഈ കൂട്ടായ്മ വെറുമൊരു നൊസ്റ്റാള്‍ജിയയില്‍ ഒതുക്കിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല.കോളജിന്റെ ഇന്നത്തെ അവസ്ഥാ മാറ്റത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നുകൂടി ഈ സംഘം ആലോചിക്കുന്നുണ്ട്. അത് ഒരു അനിവാര്യതയാണ്. ഈ കലാലയത്തോട് അതിലൂടെ കടന്നു പോയവര്‍ക്ക് ചെയ്യാനുള്ളതും അതാണ്' ^കെ.ആര്‍.വിശ്വംഭരന്‍ പറയുന്നു.
അതില്‍ സത്യമുണ്ട്. എറണാകുളം നഗരത്തിന്റെ ഒത്ത നടുക്ക് നിലകൊള്ളുന്ന ഈ കലാശാലാ മുത്തശãന് ഇപ്പോള്‍ പഴയ പ്രൌഢിയില്ല. വിദ്യാഭ്യാസ കാഴ്ചപ്പാടിലുണ്ടായ മാറ്റമായിരിക്കാം. ഇപ്പോള്‍ പാവപ്പെട്ടവരുടെ മക്കളാണ് അധികവും പഠിക്കുന്നത്. അല്ലെങ്കില്‍ ആര്‍ക്കു വേണം ഐ.ടിയും മാനേജ്മെന്റ് കോഴ്സുമില്ലാത്ത വെറും ആര്‍ട്സ് ആന്റ് സയന്‍സ് കോഴ്സ് മാത്രമുള്ള ഈ പടുകിഴവന്‍ കാമ്പസിനെ.ഒരു കാലത്ത് തിളച്ചുമറിഞ്ഞ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്ന മഹാരാജാസ് ഇന്ന് ഒരു വിള മാത്രം കൃഷി ചെയ്യുന്ന ഏകവിള തോട്ടമാണ്. അവരുടെ മാത്രം 'റെഡ് ഫോര്‍ട്ട്' ആണ്.എന്നിട്ടും ഒരു സങ്കടം മാത്രം ബാക്കി. ജോലിക്കിടയില്‍ നിന്ന് 12 മണിക്കൂര്‍ പരോളില്‍ ഇറങ്ങിയെത്തിയിട്ടും പഴയ മലയാളം എം.എ ക്ലാസിലെ ഒരാളെ പോലും കാണാനായില്ലല്ലോ എന്നതില്‍. എങ്കിലും കെ.
ജി.ശങ്കരപ്പിള്ളക്കും ഭാനുമതി ടീച്ചറിനും തുറവൂര്‍ വിശ്വംഭരന്‍ സാറിനും, വിജയകൃഷ്ണന്‍ മാഷിനും പകരം ധനലക്ഷ്മി ടീച്ചര്‍ സ്നേഹത്തോടെ മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ സ്വീകരിച്ചുവല്ലോ.... അതുമതി.ഒരു പക്ഷേ, എം.എന്‍.വിജയന്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ കൂടി പറയുമായിരുന്നു.'നിങ്ങളുടെ തലമുറ കൂട്ടായ്മകളെ ഭയക്കുന്നു. അതിനര്‍ഥം 'അവര്‍' വിജയിക്കുന്നു എന്നാണ്.