ഓര്‍മകളിലിന്നും കവിയുടെ വാക്കുകള്‍


കൊച്ചി: "സമരമര"ത്തിന്റെ ചുവട്ടില്‍ ഓര്‍മകളില്‍ മുഴുകി അഹമ്മദ്‌ ഉസ്‌മാന്‍ സേട്ടിരുന്നു. 79 ന്റെ ചുളിവ്‌ പടര്‍ന്ന്‌ മുഖത്ത്‌ ഓര്‍മകളുടെ ചെറുപ്പം. കയ്യില്‍ ബ്രൗണ്‍ ചട്ടയിട്ട ഒരു കൊച്ചു പുസ്‌തകം. "കവി സ്വപ്‌നം വിതയ്‌ക്കുന്നു ലോകം സത്യം കൊയ്‌തെടുക്കട്ടെ." പുസ്‌തകത്തിന്റെ ആദ്യ താളില്‍ വൃത്തിയുള്ള കൈപ്പടയില്‍ രണ്ടു വരികള്‍. താഴെ നീണ്ടൊരു ഒപ്പ്‌. ഒപ്പം ജി. ശങ്കരക്കുറുപ്പെന്ന പേരും. പ്രിയപ്പെട്ട അധ്യാപകന്റെ കൈപ്പട പതിഞ്ഞ ഈ പുസ്‌തകം അഹമ്മദിന്‌ നിധിപോലെയാണ്‌. മഹാരാജാസില്‍ 45-49 കാലയളവിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ്‌ ഉസ്‌മാന്‍ ഇന്നിപ്പോള്‍ വന്‍ ബിസിനസ്സ്‌ ശൃംഖലയുടെ അധിപനാണ്‌. അബാദ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ഡയറക്ടര്‍. പഴയ സുഹൃത്തുക്കളെ കാണാമെന്ന പ്രതീക്ഷയിലാണ്‌ അഹമ്മദ്‌ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്‌മയില്‍ പങ്കെടുക്കാനെത്തിയത്‌. പക്ഷേ സഹപാഠികളെ ആരെയും കണ്ടില്ല. കോളേജിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അഹമ്മദിന്‌ ആദ്യം മനസ്സിലേക്ക്‌ എത്തുന്നത്‌ ജി. ശങ്കരക്കുറുപ്പിന്റെ മലയാളം ക്ലാസുകള്‍ തന്നെയാണ്‌. ഈണത്തില്‍ കവിതയൊക്കെ ചൊല്ലി.. വളരെ രസകരമായ ക്ലാസുകളായിരുന്നു ശങ്കരക്കുറുപ്പ്‌ സാറിന്‍േറത്‌. 1945-ല്‍ ഇന്റര്‍മീഡിയറ്റ്‌ വിദ്യാര്‍ത്ഥിയായാണ്‌ അഹമ്മദ്‌ മഹാരാജാസിലെത്തിയത്‌. തുടര്‍ന്ന്‌ രണ്ടു വര്‍ഷം ബി.എ. എക്കണോമിക്‌സ്‌. സംസാരഭാഷ ഉറുദുവായിരുന്നെങ്കിലും അഹമ്മദ്‌ രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത്‌ മലയാളമാണ്‌. മലയാളത്തില്‍ എഴുതിയ ചെറുകഥ കോളേജ്‌ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്‌. 1947-48 കാലയളവില്‍ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ കൗണ്‍സിലിലെ (ഇന്നത്തെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സില്‍) അംഗമായിരുന്നു. ഈ സമയത്ത്‌ എടുത്ത ഫോട്ടോകളെല്ലാം ഇപ്പോഴും അഹമ്മദിന്റെ പക്കലുണ്ട്‌. ഓര്‍മകള്‍ പോലെ തന്നെ മങ്ങലേല്‍ക്കാതെ.