ഓര്‍മകളുടെ മഹാരാജകീയ സംഗമം

കൊച്ചി: മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികളൊരുക്കിയ മഹാരാജകീയ സംഗമം കലാലയ സ്മരണകളുടെ ചരിത്രത്തിലെ വാടാത്ത മഷിത്തണ്ടായി. ഒാടിപ്പോയ ഒാര്‍മകളെ വാരിയെടുത്തും തീക്ഷ്ണ യൌവനങ്ങളെ തിരികെപ്പിടിച്ചും അവര്‍ മഹാരാജാസിന്റെ ഇളംമനസ്സിനെ തൊട്ടുനിന്നു. സമരമരത്തിനരികില്‍ ഒരുക്കിയ തുറന്ന സ്റ്റേജില്‍ മഹാരാജാസ് കോളജിന്റെ വലിയ മക്കള്‍ തോളോടുതോള്‍ ചേര്‍ന്നിരുന്നു പറഞ്ഞു - ഇതാണ് ധന്യനിമിഷം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസും മഹാരാജാസിലെ പഴയ സുവോളജി വിദ്യാര്‍ഥിയുമായ കെ.ജി. ബാലകൃഷ്ണനായിരുന്നു ഉദ്ഘാടകന്‍. ജീവിതത്തിലെ പരീക്ഷണങ്ങള്‍ക്കു മനസ്സു പാകപ്പെടുത്തിത്തന്ന വേദിയാണിതെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മഹാരാജാസിലെ മൂന്നു വര്‍ഷങ്ങളുടെ ധന്യതയുടെ നിറവില്‍ ചീഫ് ജസ്റ്റിസ് വികാരാധീനനായി. പ്രസംഗത്തിനിടയില്‍ ഒാടിയെത്തിയ പ്രതിരോധമന്ത്രി എ.കെ. ആന്റണി ചുറ്റുംനോക്കിയപ്പോള്‍ തൊട്ടുപിന്നില്‍ പഴയ സഹപാഠി മലയാളം ബിഎയിലെ വിശ്വനാഥന്‍ എന്ന വൈക്കം വിശ്വന്‍.
ആരായിരുന്നു മികച്ച പ്രസംഗകന്‍ എന്നായിരുന്നു നടുക്കിരുന്ന മന്ത്രി തോമസ് ഐസക്കിനു സംശയം. മനസ്സിലെ വികാരങ്ങള്‍ പ്രസംഗത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്നായിരുന്നു അതിന് ആന്റണിയുടെ മറുപടി. പ്രസംഗവും അധികപ്രസംഗവും പഠിപ്പിച്ചത് ഇൌ ക്യാംപസാണെന്നു വൈക്കം വിശ്വനും പറഞ്ഞു


മറ്റൊരിടത്തും കിട്ടാത്ത ഒരിടം മഹാരാജാസ് നല്‍കുന്നുവെന്നായിരുന്നു തോമസ് ഐസക്കിന്റെ നിരീക്ഷണം. നിസംഗനായി ജീവിക്കാനും നിസ്വാര്‍ഥമായി ജീവിക്കാനും പ്രണയിക്കാനും പഠിക്കാനുമെല്ലാം അനുവദിച്ച ’ഡെമോക്രാറ്റിക് സ്പേസ് ആണ് മഹാരാജാസ് എന്ന് തോമസ് ഐസക് പറഞ്ഞു.
നൊസ്റ്റാള്‍ജിയ എന്ന വാക്കിന്റെ അര്‍ഥം പഠിച്ചതു മഹാരാജാസിലെ ലൈബ്രറിയില്‍ നിന്നാണെന്നു പറഞ്ഞ സെബാസ്റ്റ്യന്‍ പോള്‍ എംപി മഹാരാജാസില്‍ നിന്നു നേടിയ താനുള്‍പ്പെടെയുള്ളവര്‍ ഒന്നും തിരിച്ചുനല്‍കിയില്ലെന്നും പരിതപിച്ചു.
മഹാരാജാസില്‍ തനിക്കു മുടങ്ങിപ്പോയ നോട്ടുകള്‍ സ്ഥിരമായി എഴുതിത്തന്നും ഉച്ചയ്ക്ക് ഒരുപൊതി ഭക്ഷണം തന്നും സഹായിച്ച പഴയ സഹപാഠി ആനിയെക്കുറിച്ചു പറഞ്ഞ മന്ത്രി ബിനോയ് വിശ്വത്തെ അമ്പരപ്പിച്ച് ആനി തന്നെ വേദിയില്‍ പ്രത്യക്ഷപ്പെട്ടു.
ചടങ്ങില്‍ വരാന്‍ കഴിയാതിരുന്ന നടന്‍ മമ്മൂട്ടി മൊബൈല്‍ ഫോണിലൂടെ പ്രസംഗിച്ചു. അയ്യായിരത്തോളം പൂര്‍വവിദ്യര്‍ഥികള്‍ ചടങ്ങിനെത്തിയിരുന്നു.
അമേരിക്കയില്‍ നിന്നും ഒാസ്ട്രേലിയയില്‍ നിന്നും പഴയ വിദ്യാര്‍ഥികള്‍ ചടങ്ങിനെത്തി. യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ആര്‍. വേണു, ഒാള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ആര്‍. വിശ്വംഭരന്‍, മേയര്‍ മേഴ്സി വില്യംസ്, കെ.വി. തോമസ് എംഎല്‍എ, ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് കെ. സുകുമാരന്‍, ഡോ. വി.പി. ഗംഗാധരന്‍, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. എം. ലീലാവതി, പ്രിന്‍സിപ്പല്‍ ഷീലാ പോള്‍, അസോസിയേഷന്‍ സെക്രട്ടറി കെ. നാരായണന്‍ പോറ്റി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികളോടെയാണു മഹാരാജകീയം സമാപിച്ചത്.